ഇ മെയിൽ വഴി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് എം എൽ എ രാഹുലില്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ പാലക്കാട് കെപിഎം ഹോട്ടലിലെ 2002 നമ്പര്‍ മുറി വളഞ്ഞ് വന്‍ പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാനഡയില്‍ നിന്ന് ഉടന്‍ നാട്ടിലെത്തുന്ന പരാതിക്കാരി പോലീസിന് നേരിട്ട് മൊഴി നല്‍കുന്നതോടെ കേസ് അടുത്ത ഘട്ടത്തിലേക്ക് കടക്കും.
രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനു ശേഷം പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്നു കേസുകൾ ആയി. രണ്ടാം കേസിൽ വിചാരണക്കോടതിമുൻകൂർ ജനുവരി 21വരെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറിയില്‍ എത്തിച്ചായിരുന്നു പീഡനം. വെറും പീഡനമല്ല, മൃഗീയമായ ശാരീരിക ഉപദ്രവങ്ങളും നേരിട്ടതായി യുവതിയുടെ മൊഴിയിലുണ്ട്. ലൈംഗിക ആക്രമണത്തിനിടെ എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും തുപ്പുകയും ദേഹത്ത് മുറിവുകളുണ്ടാക്കുകയും ചെയ്തു. ഗര്‍ഭിണിയായ ശേഷം ഗര്‍ഭം അലസിപ്പിക്കാന്‍ രാഹുല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഈ ക്രൂരതകള്‍ക്കിടയിലാണ് ഗര്‍ഭം അലസിപ്പോയത്.
ലൈംഗികാതിക്രമത്തിന് പുറമെ സാമ്പത്തിക ചൂഷണവും നടന്നു. പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ രാഹുല്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതിനായി പലപ്പോഴായി ലക്ഷക്കണക്കിന് രൂപയും വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും യുവതിയില്‍ നിന്ന് രാഹുല്‍ കൈപ്പറ്റി. ഇവയുടെ ബാങ്ക് രേഖകളും ബില്ലുകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.